കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗിന് പ്രയാസം ഉണ്ടാക്കി കോൺഗ്രസോ കോൺഗ്രസിന് പ്രയാസം ഉണ്ടാക്കി ലീഗോ ഒരു തീരുമാനം എടുക്കില്ല. ഈ വിഷയത്തിൽ എല്ലാവർക്കും സന്തോഷം ഉള്ള തീരുമാനം വരും. ഈ മാസം അഞ്ചിന് നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഏത് സീറ്റിൽ നിന്നാലും ജയിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. അതിന് തെക്ക്, വടക്ക് എന്നില്ല. സിറ്റിങ് എംപിമാർ മത്സരിക്കുന്ന കാര്യം തീരുമാനം ആയില്ലെന്നും പിഎംഎ സലാം പറഞ്ഞു.
ഗ്യാൻവാപി വിഷയത്തിൽ ഡൽഹിയിലെ പ്രതിഷേധത്തിൽ എല്ലാ മതേതര പാർട്ടികളും പങ്കെടുക്കേണ്ടതാണ്. ലീഗിൻ്റെ വേഗം കോൺഗ്രസിനും ഉണ്ടാവണം എന്നില്ല. പല പരിപാടികളും ലീഗ് ഒറ്റയ്ക്കാണ് നടത്താറുള്ളത് എന്നും പിഎംഎ സലാം മാധ്യമങ്ങളോട് പ്രതികരിച്ചു.