Kerala
ലോകസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീഗ്
കണ്ണൂർ: ലോകസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീഗ്. മുസ്ലിം ലീഗിനെ മൂന്ന് സീറ്റ് എന്നതിൽ ചുരുക്കേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ട്. ലീഗിന് മൂന്നിനും നാലിനുമൊക്കെ അർഹതയുണ്ട്. അതിൽ ഉറച്ചു നിൽക്കുന്നു. ചർച്ചയിലൂടെ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം പരിഹരിക്കും. ഉഭയകക്ഷി ചർച്ചയിലൂടെ കാര്യങ്ങൾ തീരുമാനിക്കുമെന്നും യുഡിഎഫിന്റെ വിജയമാണ് പ്രധാനമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
സമസ്തയും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. എല്ലായിപ്പോഴും പരസ്പരം യോജിച്ച് പോകുന്ന പ്രസ്ഥാനങ്ങളാണ് സമസ്തയും ലീഗും. സമസ്തക്ക് ലീഗും ലീഗിന് സമസ്തയും വേണമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ വിഷയത്തിലും മുസ്ലിം ലീഗ് അധ്യക്ഷൻ നിലപാട് വ്യക്തമാക്കി. രാമക്ഷേത്രത്തിന് ആരും എതിരല്ല. എല്ലാ മതങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ വളരെ പ്രധാനമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാമക്ഷേത്രത്തെ അംഗീകരിക്കുന്നു. രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയ നേട്ടത്തിന് ബിജെപി ഉപയോഗിക്കുന്നു. ഇതിൽനിന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികൾ വിട്ടുനിൽക്കാൻ തീരുമാനിച്ചത് ആശ്വാസമാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.