ആലപ്പുഴ: മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയത്തിൽ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബിൽ ആം ആദ്മിയും കോൺഗ്രസും തമ്മിൽ സഖ്യമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സഖ്യമില്ലെങ്കിലും പഞ്ചാബിൽ ഇൻഡ്യ മുന്നണി ജയിക്കും. ഇൻഡ്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുന്നോട്ട് പോവുകയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. ആലപ്പുഴയിലെ പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു. പാർട്ടി തീരുമാനിച്ച് പ്രവർത്തിക്കും. സ്ഥാനാർഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. സിപിഐഎമ്മിനാണ് അങ്കലാപ്പെന്നും വേണുഗോപാല്‍ പ്രതികരിച്ചു.
കഴിഞ്ഞതവണയും സിപിഐഎം സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു. അന്നം തരുന്ന കർഷകനെ വെടിവെച്ചുകൊല്ലുന്ന സർക്കാരാണ് കേന്ദ്രസർക്കാർ. കർഷകരെ മർദിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാൻ കോടിക്കണക്കിന് രൂപയാണ് കേന്ദ്രം ചെലവാക്കുന്നത്. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം നടക്കുന്നത്.
രാഹുൽ ഗാന്ധിക്കെതിരെ 23 കേസുകളായി. അജിത്ത് പവാറിനും അശോക് ചവാനുമെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് റെയ്ഡ് നടന്ന കമ്പനികൾ റെയ്ഡിന് പിന്നാലെ ബിജെപിക്ക് പണം നൽകുകയാണ്. രാമക്ഷേത്രം ബിജെപിയുടെ അഴിമതിയും കഴിവുകേടും മറക്കാനുള്ള ആയുധമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.