കാസർകോഡ്: കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് പിറകിൽ മറ്റ് ഉദ്ദേശങ്ങളെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അയോധ്യ വിഷയം സജീവമായി നിർത്തുക എന്നത് ബിജെപിയുടെ തന്ത്രമാണ്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രചരണ ആയുധമാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. മുസ്ലിം ലീഗ് സംയമനത്തോട് കൂടിയ നിലപാട് സ്വീകരിച്ചു. കോൺഗ്രസിന് സ്വതന്ത്രമായി നിലപാട് സ്വീകരിക്കാനുള്ള കെൽപ്പും നേതൃത്വവും ഉണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.
മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.