Kerala
പഴയ ഇരുമ്പ് നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടി തട്ടി; ആർഎസ്എസ് നേതാവും ഭാര്യയും അറസ്റ്റിൽ
പാലക്കാട്: പഴയ ഇരുമ്പ് സാധനങ്ങൾ വാഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. ആന്ധ്ര പ്രദേശ് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ആർഎസ്എസ് മുൻ അഖിലേന്ത്യ നേതാവ് കെസി കണ്ണൻ (60), ഭാര്യ പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാഭായ് (48) എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രപ്രദേശ് സ്വദേശിയായ മധുസൂദന റെഡ്ഡിയാണ് പരാതിക്കാരൻ. സ്ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാൻസായി ഇവർ പണം വാങ്ങിയത്. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്ക്രാപ് നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്തില്ല. തുടർന്നാണ് 2023 സെപ്റ്റംബറിൽ പട്ടാമ്പി പൊലീസിൽ പരാതി നൽകിയത്. തട്ടിപ്പിൽ ഒരു കോടിയിൽ കൂടുതൽ രൂപ നഷ്ടപ്പെട്ടതിനാൽ കേസ് പട്ടാമ്പി സ്റ്റേഷനിൽ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു.
അറസ്റ്റ് മുന്നിൽ കണ്ട് ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു. അതിനിടെ ആർഎസ്എസ്സുമായി കെസി കണ്ണന് ഒരു ബന്ധവുമില്ലെന്ന് നേതൃത്വം അറിയിച്ചു.