India
വ്യോമാക്രമണത്തിന് പകരം വീട്ടി അമേരിക്ക; ഇറാൻ സൈന്യത്തിനെതിരെ ആക്രമണം
വാഷിങ്ടണ്‍: ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം. മൂന്ന് പേരെ കൊലപ്പെടുത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നു അമേരിക്ക. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സേന പ്രത്യാക്രമണം നടത്തിയത്. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം പകലാണ് സൈന്യത്തിന് ആക്രമണത്തിന് അനുമതി നല്‍കിയത്.
ആക്രമണത്തില്‍ നാശനഷ്ടം കണക്കാക്കിയിട്ടില്ല. ദൗത്യം ഇന്നാരംഭിക്കുകയാണെന്നും സമയവും ആക്രമണ കേന്ദ്രങ്ങളും തുടര്‍ന്നും തെരഞ്ഞെടുക്കുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് വെളുപ്പിനാണ് സിറിയയിൽ 12 ഇടങ്ങളിൽ യുഎസ് പോർവിമാനങ്ങളുടെ ആക്രമണം നടന്നത്. ആക്രമണം തുടക്കം മാത്രമാണെന്നും ഇറാന്‍ അനുകൂല സായുധ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.
അമേരിക്കക്കാരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 40ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിനുള്ള മറുപടിയായിട്ടായിരുന്നു ആക്രമണം. ജനുവരി 28ന് ജോര്‍ദ്ദാനിലെ സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം ഉണ്ടായത്. അനിവാര്യമായ പ്രതിരോധമാണിത് എന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം പ്രതിരോധ ഗ്രൂപ്പുകളുടെ തീരുമാനങ്ങളില്‍ ഭരണകൂടം ഇടപെടുന്നില്ലെന്നുമായിരുന്നു ഇറാന്റെ പ്രസ്താവന.