തിരുവനന്തപുരം: മെയ് 20-ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കില്‍ നിന്ന് ഐഎന്‍ടിയുസി പിന്മാറി.

സംയുക്ത സമരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ചൂണ്ടിക്കാട്ടി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് ഐഎന്‍ടിയുസി സംയുക്ത സമരത്തില്‍ നിന്ന് പിന്മാറാനുളള തീരുമാനമെടുത്തത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം അടുത്ത സാഹചര്യത്തില്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേര്‍ന്നുളള സമരപ്രക്ഷോഭങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുകയാണെന്ന് ചന്ദ്രശേഖരന്‍ കത്തില്‍ പറഞ്ഞു. സംയുക്ത പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും യുഡിഎഫില്‍ ഉള്‍പ്പെട്ടിട്ടുളള ട്രേഡ് യൂണിയനുകള്‍ പ്രത്യേകമായി പണിമുടക്കാനും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

