ഇടതുമുന്നണിയില്‍ അവഗണിക്കപ്പെടുന്നെന്ന് ഐഎന്‍എല്ലില്‍ വികാരം. ബോര്‍ഡ്- കോർപ്പറേഷൻ ഡയറക്ടർ സ്ഥാനങ്ങള്‍ ലഭിക്കാത്തതും ഇടതുമുന്നണിയോഗത്തില്‍ പങ്കെടുപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് മുന്നണി വിടണം എന്ന ആവശ്യം ഉയര്‍ത്തുന്നത്. കാസര്‍കോട് ജില്ലാ കമ്മിറ്റിയോഗത്തിലാണ് വിമര്‍ശനം.
അവഗണന തുടർന്നാൽ മുന്നണി വിടണമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നുമാണ് നിർദേശം ഉയർന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താനാണ് യോഗം ചേർന്നതെങ്കിലും ചർച്ചയായത് ഇടതുമുന്നണിയില്‍ പാര്‍ട്ടി നേരിടുന്ന അവഗണനയാണ്.
ഐഎൻഎല്ലിൽനിന്നും പുറത്തുപോയി സമാന്തരമായി പ്രവർത്തിക്കുന്ന സംഘടനയെ മുന്നണി നേതൃത്വം അനുകൂലിക്കുന്നതും പാര്‍ട്ടിയില്‍ പ്രശ്നമായി തുടരുകയാണ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.എസ്.ഫക്രുദീൻ ഹാജി, സംസ്ഥാന ട്രഷറർ വി.ഹംസ ഹാജി, സെക്രട്ടറി എം.എ.ലത്തീഫ്, സെക്രട്ടേറിയറ്റ് അംഗം എം.ഇബ്രാഹിം എന്നിവര്‍ യോഗത്തിനെത്തിയിരുന്നു.