India
അന്ത്യകര്‍മ്മം നടത്താന്‍ പണമില്ല; പങ്കാളിയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ചു, പിന്നാലെ ചാക്കില്‍ കെട്ടി റോഡില്‍ തള്ളി
ഇന്‍ഡോര്‍: അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ പണമില്ലാത്തിനാല്‍ പങ്കാളിയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ചതിന് ശേഷം റോഡില്‍ ഉപേക്ഷിച്ച് ഇന്‍ഡോര്‍ സ്വദേശി. 57കാരിയായ സ്ത്രീയുടെ മൃതദേഹം ചന്ദ്രനഗര്‍ ഭാഗത്ത് നിന്നാണ് കണ്ടെത്തിയതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ നന്ദിനി ശര്‍മ പറഞ്ഞു. മൃതദേഹത്തില്‍ പരിക്കുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കരള്‍ സംബന്ധമായ രോഗമുള്‍പ്പെടെ മറ്റ് രോഗങ്ങള്‍ 57കാരിക്കുണ്ടായിരുന്നതായും സ്വാഭാവിക മരണമാണെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ത്രീയുടെ ഭര്‍ത്താവിനെ പ്രദേശത്ത് നിന്നും കണ്ടെത്തിയതായും ഇയാള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു
പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ ഭാര്യയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ചതായി പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് ചീഞ്ഞ മണം ഉണ്ടായതോടെ അയല്‍ക്കാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ശനിയാഴ്ച രാത്രി മൃതദേഹം ചാക്കില്‍ കെട്ടി റോഡില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. മൃതദേഹം സംസ്കരിക്കാന്‍ പണമില്ലായിരുന്നുവെന്ന് ഇയാള്‍ അറിയിച്ചതോടെ ചന്ദ്രനഗര്‍ പൊലീസ് മൃതദേഹം സംസ്കരിച്ചു.