Crime
വാക്കുതർക്കത്തിനിടെ തലയ്ക്കടിയേറ്റു; ഇന്ത്യൻ വംശജന് അമേരിക്കയിൽ ദാരുണാന്ത്യം
വാഷിങ്‌ടൻ: വാക്കുതർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ വംശജൻ അമേരിക്കയിൽ കൊല്ലപ്പെട്ടു. വെർജീനിയയിൽ എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന വിവേക് ചന്ദർ തനേജയാണ് (41) കൊല്ലപ്പെട്ടത്. വാഷിങ്‌ടണിലെ ഒരു റസ്റ്റോറന്‍റിന് പുറത്ത് നടന്ന തർക്കത്തിനിടെയാണ് വിവേകിന് തലയ്ക്ക് അടിയേറ്റത്. ഫെബ്രുവരി 2 ന് പുലർച്ചെ 2 മണിയോടെ (യുഎസ് പ്രാദേശിക സമയം) ആയിരുന്നു സംഭവം. ഈ വർഷം യുഎസിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യൻ അമേരിക്കനാണ് വിവേക്.
ആക്രമണ വിവരം അറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥരാണ് ഗുരുതരമായി പരുക്കേറ്റ വിവേകിനെ ആശുപത്രിയിലെത്തിച്ചത്. ഫെബ്രുവരി 7ന് വിവേക് മരണത്തിന് കീഴടങ്ങി. വിവേകിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും സമീപത്തെ സിസിടിവി ക്യാമറയിൽ നിന്ന് പ്രതിയുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്.
മെട്രോപൊളിറ്റൻ പൊലീസ് പ്രതിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും പൊതുജനങ്ങളുടെ സഹായം തേടി. കൊലപാതകത്തിന് ഉത്തരവാദികളായ വ്യക്തിയെയോ വ്യക്തികളെയോ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും കാരണമാകുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25,000 ഡോളർ വരെ പാരിതോഷികം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. ഈ കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 202-727-9099 എന്ന നമ്പറിൽ പൊലീസിനെ വിവരം ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.