ന്യൂയോർക്: സർവീസ് ഫീസ് സംബന്ധിച്ച തർക്കത്തിൽ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളാണ് ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്തത്. ഇൻ-ആപ്പ് പേയ്‌മെൻ്റുകൾക്ക് 11% മുതൽ 26% വരെ ഫീസ് ചുമത്തുന്നതിൽ നിന്ന് ഗൂഗിളിനെ തടയാൻ ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നടത്തുന്ന ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് തർക്കം. സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകരുതെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ഫീസ് ഈടാക്കുന്നതിനോ ആപ്പുകൾ നീക്കം ചെയ്യുന്നതിനോ ഗൂഗിളിന് അനുമതി ലഭിച്ചിരുന്നു.
ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പ് എന്നീ ആപ്പുകളാണ് പ്ലേസ്റ്റോറിൽ നിന്ന് ഡിലീറ്റ് ചെയ്തത്. ഇന്ത്യൻ ഇൻ്റർനെറ്റ് ഉപഭോക്താക്കൾക്ക് ഇതൊരു കനത്ത തിരിച്ചടിയായിരിക്കുമെന്ന് മാട്രിമോണിയൽ കമ്പനി സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ പ്രതികരിച്ചു. ‘ഞങ്ങളുടെ ആപ്പുകൾ ഓരോന്നായി ഇല്ലാതാക്കുന്നു. എല്ലാ മുൻനിര മാട്രിമോണി സേവനങ്ങളും ഇല്ലാതാക്കപ്പെടും എന്നാണ് ഇതിനർത്ഥം’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.