ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്ന പ്രചാരണം ശക്തമാക്കി ഇന്ത്യ സഖ്യം. മോദിയും അമിത്ഷായും 4ന് തൊഴിൽരഹിതരാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കാറ്റ് മാറി വീശുന്നു എന്നായിരുന്നു മമത ബാനർജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അതേ സമയം അവസാന ഘട്ട തെരെഞ്ഞടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വാരാണസിയിലെ പ്രചാരണത്തിന്റെ നേതൃത്വം ബിജെപി അമിത്ഷായ്ക്ക് നൽകി.
അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. 8 സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി ഉൾപ്പെടെയുള്ള 13 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ സീറ്റുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
പശ്ചിമബംഗാളിൽ 9 ലും ബിഹാറിൽ എട്ട് സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, അഭിഷേക് ബാനർജി,ലാലുപ്രസാദവിന്റെ മകൾ മിസാ ഭാരതി എന്നിവർ ഈ ഘട്ടത്തിൽ ആണ് ജനവിധി തേടുന്നത്. നാളെ പരസ്യപ്രചാരണം അവസാനിച്ചാൽ കന്യാകുമാരിക്ക് പോകുന്ന നരേന്ദ്രമോദി വിവേകാനന്ദ പാറയിൽ വൈകിട്ട് മുതൽ ധ്യാനം ഇരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഒന്നാം തീയതി വരെയാണ് മോദി ധ്യാനം ഇരിക്കുക