India

തിരഞ്ഞെടുപ്പ് അവലോകനം; യോഗം വിളിച്ച് ഇന്‍ഡ്യ മുന്നണി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ യോഗം വിളിച്ച് പ്രതിപക്ഷ സഖ്യം ഇന്‍ഡ്യ. ജൂണ്‍ ഒന്നിന് ചേരുന്ന യോഗത്തിലേക്ക് സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ടെന്നാണ് സൂചന. രാജ്യത്ത് ഏഴാം ഘട്ട വോട്ടെടുപ്പും ജൂണ്‍ ഒന്നിനാണ് നടക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രിംകോടതി അനുവദിച്ച ജാമ്യ കാലാവധി ജൂണ്‍ രണ്ടിന് തീരും. ലേക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം ലഭിച്ച കെജ്രിവാള്‍ യോഗത്തിനെത്തുന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച വിലയിരുത്തലിനൊപ്പം പ്രതിപക്ഷ മുന്നണിയുടെ ഭാവി സംബന്ധിച്ച ചർച്ചയും യോഗത്തില്‍ മുഖ്യ അജണ്ടയാവും.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, അരവിന്ദ് കെജ്രിവാള്‍, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കം മുഴുവന്‍ നേതാക്കള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.

അധികാരത്തിലെത്താനാകുമെന്നും മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്നുമുള്ള കടുത്ത ആത്മവിശ്വാസത്തിലാണ് ഇന്‍ഡ്യാ മുന്നണി നേതാക്കള്‍. ജൂലൈ ഒന്നിന് ഏഴാം ഘട്ടം വോട്ടെടുപ്പ് കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. വിജയം തങ്ങള്‍ക്ക് തന്നെയെന്ന് എന്‍ഡിഎയും ഇന്‍ഡ്യ മുന്നണിയും അവകാശപ്പെടുന്നുണ്ട്.

ഇന്‍ഡ്യാ മുന്നണി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, കര്‍ണ്ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെ വോട്ടെടുപ്പ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ബിഹാറില്‍ എട്ട് സീറ്റില്‍ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയാകാനുള്ളത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ നില മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പൂർത്തിയായിട്ടുണ്ട്. ഇവിടങ്ങളിലെയെല്ലാം സാഹചര്യം യോഗത്തില്‍ വിലയിരുത്തപ്പെടുമെന്നാണ് റിപ്പോർട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top