ഡൽഹി: രാജ്യത്തുനിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് മാലദ്വീപ്. മാർച്ച് 15 ന് മുമ്പ് സൈന്യത്തെ പിൻവലിക്കണമെന്നാണ് ആവശ്യം. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിനിടെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ ഈ നീക്കം. ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
മാർച്ച് 15നുള്ളിൽ സൈന്യത്തെ പിൻവലിക്കണമെന്ന നിർദ്ദേശമാണ് ഇന്ത്യക്ക് മുന്നിൽ മലദ്വീപ് വച്ചിരിക്കുന്നത്. മുഹമ്മദ് മുയിസുവിന്റെ ചൈന സന്ദർശനത്തിന് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷമുള്ള മുയിസുവിന്റെ ആദ്യ ചൈന സന്ദർശനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും മുയിസുവുമായുള്ള കൂടിക്കാഴ്ചയിൽ നയതന്ത്ര വിഷയങ്ങൾ ചർച്ചയായിരുന്നു.