Kerala
ഇടുക്കി ഹർത്താലിലെ ഹെഡ് പോസ്റ്റ് ഓഫീസ് ആക്രമണം; എൽഡിഎഫ് പ്രവർത്തകൻ അറസ്റ്റിൽ
തൊടുപുഴ: എൽഡിഎഫ് ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച നടത്തിയ ഹർത്താലിൽ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസ് ആക്രമിച്ച് ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. എൽഡിഎഫ് പ്രവർത്തകനായ ഉടുമ്പന്നൂർ തെങ്ങുംതോട്ടത്തിൽ ടി.എച്ച്.സാജിറി (38) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിക്കൽ, ജീവനക്കാരെ കയ്യേറ്റം ചെയ്യൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
സാജിർ നിരവധി കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. സംഭവം നടന്ന ചൊവ്വാഴ്ച രാത്രി തന്നെ പൊലീസ് സജീറിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ തൊടുപുഴയിൽ എത്തിയപ്പോൾ സാജിറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഹർത്താൽ ദിനത്തിൽ സാജിർ ഉൾപ്പെട്ട ഒൻപതംഗ സംഘം തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫിസിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ഓഫിസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവശ്യ സർവീസാണെന്നു പറഞ്ഞു ജീവനക്കാർ ജോലി തുടർന്നു. തുടർന്ന് ഹർത്താൽ അനുകൂലികൾ കസേരയും ചെടിച്ചട്ടികളും തകർക്കുകയായിരുന്നു. പോസ്റ്റ് മാസ്റ്ററെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും വനിതാ ജീവനക്കാർക്കെതിരെ അസഭ്യ വർഷം നടത്തിയതായും പരാതിയുണ്ട്.
പോസ്റ്റ് ഓഫിസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയതോടെയാണു കേസ് എടുത്തത്. ഒന്നാംപ്രതി സജീറിനു പുറമേ കണ്ടാലറിയാവുന്ന കൂടെയുണ്ടായിരുന്ന എട്ട് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ സാജിറിനെ റിമാൻഡ് ചെയ്തു.