Kerala
ഇടുക്കിയിൽ എസ്.ഐ.യെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞെന്ന് ആരോപണം
കട്ടപ്പന: ഇടുക്കിയിൽ എസ്.ഐയെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞെന്ന് ആരോപണം. കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ രാത്രി പരിശോധനയ്‌ക്കെത്തിയപ്പോഴാണ് സംഭവം. പരിശോധനയ്‌ക്കെത്തിയ സബ് ഡിവിഷണൽ ഓഫീസറായ എസ്.ഐ.യെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ. മദ്യപിച്ച് അസഭ്യം പറഞ്ഞതായിട്ടാണ് വിവരം.
ഹൈറേഞ്ചിലെ തന്നെ ഒരു സ്റ്റേഷനിലെ എസ്.ഐ.യാണ് രാത്രിയിൽ പരിശോധനയ്ക്കെത്തിയത്. പോലീസുകാരനുമായി കൈയാങ്കളിയിൽ എത്തുമെന്ന അവസ്ഥ വന്നതോടെ എസ്.ഐ. തിരികെ മടങ്ങിയതായാണ് സൂചന. എന്നാൽ, ഇതുസംബന്ധിച്ച പരാതികളോ, വിവരങ്ങളോ തനിക്ക് ലഭിച്ചിട്ടില്ലെന്ന് കമ്പംമെട്ട് എസ്.എച്ച്.ഒ. അറിയിച്ചു.