ചെറുതോണി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയാകുക മുൻ എം.പി. അഡ്വ. ജോയ്സ് ജോർജ് തന്നെയെന്ന് സൂചന. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ജോയ്സ് ജോർജ്ജിന്റെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ശുപാർശ ചെയ്തിരിക്കുന്നത്. അതേസമയം, ജോയ്സ് ജോർജിനെ സ്ഥാനാർഥിയായി ശുപാർശ ചെയ്തവിവരം സി.പി.എം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
2014-ലെ തിരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം വിജയിച്ചിരുന്നു. അന്ന് കത്തിനിന്ന ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്ക് എതിരായ പ്രതിഷേധങ്ങളിൽ ഹൈറേഞ്ച് സംരക്ഷണസമിതിക്കൊപ്പംനിന്ന ജോയ്സ് ജോർജ് സ്ഥാനാർഥിത്വത്തിലേക്ക് വരുകയായിരുന്നു.
എന്നാൽ, 2019-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസിനായിരുന്നു വിജയം. 2014-ൽ അദ്ദേഹത്തിന്റെ എതിരാളിയായിരുന്നു ഡീൻ. എന്നാൽ, ജോയിസ് ജോർജിനെ സ്ഥാനാർഥിയാക്കിയാൽ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.