ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരിച്ചറിയല്‍ പരേഡിനിടെയായിയിരുന്നു ആത്മഹത്യശ്രമം. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
വീട്ടില്‍ ലൈംഗിക ചൂഷണത്തിനിരയായിയെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുമ്പ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്‌നങ്ങള്‍ കാട്ടിയതോടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
ഇതേത്തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനക്കിടെ നെഞ്ചുവേദനയുണ്ടായ പ്രതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു.