മദ്യപാനികളായ ഭര്‍ത്താക്കന്മാരുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ യുപിയില്‍ വിവാഹിതരായി. ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തിലെത്തിയാണ് കവിതയും ബബ്‌ലുവും വിവാഹിതരായത്.
യുപിയിലെ ഡേയോറിയയിലാണ് സംഭവം. ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരസ്പരം ആദ്യം പരിചയപ്പെടുന്നത്. ഒരേ പോലെയുള്ള ജീവിത സാഹചര്യം ഇരുവരെയും കൂടുതല്‍ അടുപ്പിച്ചു. മദ്യപാനികളായ ഭര്‍ത്താക്കന്മാരില്‍ നിന്നും ക്രൂര പീഡനങ്ങളാണ് ഇരുവര്‍ക്കും ഏറ്റുവാങ്ങേണ്ടി വന്നതെന്ന് ഇവര്‍ പറയുന്നു.
ക്ഷേത്രത്തില്‍ വരന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചത് ബബ്‌ലുവാണ്. അവര്‍ കവിതയ്ക്ക് സിന്ദുരം സീമന്തരേഖയില്‍ അണിഞ്ഞുകൊടുത്തു. പരസ്പരം വരണമാല്യം അണിയിച്ചു അഗ്നിയെ ഇരുവരും ഏഴു വലം വയ്ക്കുകയും ചെയ്തു.
മദ്യാപാനത്തിനൊപ്പം അമിതമായ ഉപദ്രവും സഹിക്കേണ്ടി വന്നു. സമാധാനവും സ്‌നേഹവുമുള്ള ഒരു ജീവിതം ആഗ്രഹിച്ചതുകൊണ്ടാണ് ഈ വഴി തെരഞ്ഞെടുത്തത്. ജോലി ചെയ്ത് ദമ്പതികളായി ഗോരഖ്പൂരില്‍ താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് യുവതികള്‍ പ്രതികരിച്ചത്. ആദ്യം വാടകയ്ക്ക് ഒരു മുറി സംഘടിപ്പിക്കാനാണ് ഇരുവരുടെയും ശ്രമം.
അതേസമയം ക്ഷേത്ര പൂജാരിയായ ഉമ ശങ്കര്‍ പാണ്ടേ പറയുന്നത് രണ്ട് സ്ത്രീകള്‍ വന്ന് മാലയും സിന്ദൂരവും വാങ്ങി, ചടങ്ങുകള്‍ നടത്തി മൗനമായി മടങ്ങിയെന്നാണ്.