Kerala
ഹണിട്രാപ്പില്‍ കുടുക്കി യുവാവിൽ നിന്ന് 10 ലക്ഷം തട്ടി, അസം സ്വദേശികള്‍ പിടിയില്‍
മലപ്പുറം: സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികള്‍ പിടിയില്‍. കുറ്റിപ്പുറം തങ്ങള്‍പ്പടിയിലെ ലോഡ്ജില്‍ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
കുറ്റിപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശിയാണ് ഹണിട്രപ്പില്‍ കുടുങ്ങിയത്. എടപ്പാളില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവിനോട് ബന്ധം സ്ഥാപിച്ചാണ് പ്രതികള്‍ കെണിയൊരുക്കിയത്. കടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനായി എത്തിയ യാസ്മിൻ ആലം യുവാവുമായി സൗഹൃദം സ്ഥാപിച്ചു. നന്നായി ഹിന്ദി സംസാരിക്കുന്നതിനാല്‍ സൗഹൃദം വളർന്നു. ഇതോടെ യാസ്മിൻ ആലവും ഖദീജ ഖാത്തൂനും ചേർന്ന് ഹണിട്രാപ്പ് പദ്ധതി ഒരുക്കി. പ്രതികള്‍ താമസിക്കുന്ന കുറ്റിപ്പുറം തങ്ങള്‍പടിയിലെ ലോഡ്ജ് മുറിയിലേക്ക് യുവാവിനെ വിളിച്ചുവരുത്തുകയും ഖദീജ ഖാത്തൂനെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ കൂട്ടുകാരിയാണെന്നു പറഞ്ഞാണ് ഖദീജയെ ആലം പരിചയപ്പെടുത്തിയത്.
ഇതിനു ശേഷം ഇരുവരും ചേർന്ന് യുവാവിന് വിരുന്നൊരുക്കുകയും മദ്യം നിർബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. മദ്യലഹരിയിലായ യുവാവിനെ യുവതിയുടെ കൂടെ കിടത്തി അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും യുവാവിന്റെ കൈ വശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു. അഞ്ചു തവണയായി സംഘം യുവാവിനെ ഭീഷണിപ്പെടുത്തി ലോഡ്ജ് മുറിയില്‍ എത്തിച്ചിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍നിന്ന് ഗൂഗിള്‍പേ വഴിയും എ.ടി.എം വഴിയും നേരിട്ടും സംഘം പണം തട്ടിയെടുത്തു.