കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച ആൾക്കെതിരെ മുന്നറിയിപ്പ് പോസ്റ്റിട്ടതിന് പിന്നാലെയായിരുന്നു നടി ഹണി റോസിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. സമൂഹമാധ്യമത്തിലെ പോസ്റ്റിന് കീഴെ അശ്ലീല കമന്‍റുകള്‍ ഇട്ടതിൽ നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നടിയുടെ പരാതിയില്‍ മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമന്റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശി ഇന്നലെ അറസ്റ്റിലായിരുന്നു. എന്നാൽ, ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ്.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.