ഇന്ത്യയിൽ ആദ്യമായി ബംഗളൂരിൽഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (HMPV) കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗത്തെപ്പറ്റിയുള്ള വിവിധ ഊഹാപോഹങ്ങളും പ്രചരിക്കുകയാണ്. കോവിഡും എച്ച്എംപിവിയും തമ്മിൽ ചില സമാനതകൾ മാത്രമാണുള്ളത്. ഇരുരോഗങ്ങളും വ്യത്യസ്ത വൈറസ് കുടുംബത്തിൽപ്പെട്ടവയാണ് എന്നതാണ് വസ്തുത.
2021ൽ ഡെൻമാർക്കിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ ഡച്ച് ഗവേഷകരായിരുന്നു കണ്ടെത്തലിന് പിന്നിൽ. ഈ വൈറസ് കുറഞ്ഞത് ആറ് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമായി ലോകം മുഴുവന്‍ ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഇപ്പോൾ ചൈനയിൽ രോഗ ബാധ റിപ്പോർട്ട് ചെയ്തതാണ് കോവിഡുമായി ബന്ധപ്പെടുത്തിയുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. 2019 ൽ ചൈനലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത വൈറസ് പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു.
കേവിഡിനെ പോലെ വലിയ അപകടകാരിയല്ല ഇൻഫ്ലുവൻസ രോഗത്തിന്‍റെ സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന എച്ച്എംപിവി. ഇതുപോലെ മരണത്തിലേക്ക് ആളുകളെ നയിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളില്ല. എല്ലാ പ്രായമുള്ള ആളുകളിലും രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണ് ഇതുവരെ രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 10 ശതമാനം മുതൽ 12 ശതമാനം വരെ വരെ എച്ച്എംപിവി വൈറസ് മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി. 5 ശതമാനം മുതൽ 16 ശതമാനം വരെ കുട്ടികളിൽ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ അണുബാധ ഉണ്ടാകാം. എച്ച്എംപിവി ഉള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയോ ആണ് കുട്ടികളിലും രോഗം പടരുന്നത്.
കോവിഡുമായിട്ടുള്ള സമാനതകൾ
കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്എംപിവി ബാധിച്ചവരിലും കണ്ടുവരുന്നത്. എന്നാൽ എച്ച്എംപിവി വൈറസും കോവിഡിന് കാരണമായ സാർസ് കോവ് 2 വൈറസും വ്യത്യസ്ത വൈറസ് കുടുംബത്തിൽപെട്ടവയാണെങ്കിലും രണ്ടും തമ്മിൽ ചില സാമ്യതകളുണ്ട്. രണ്ടു വൈറസും ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ്. രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇരു രോഗങ്ങളും പടരുക.
പനി, തൊണ്ടവേദന, ചുമ, വിറയൽ, ശ്വാസതടസ്സം തുടങ്ങി രോഗലക്ഷണങ്ങൾ രണ്ട് രോഗങ്ങൾക്കും സമാനമാണ്. കുട്ടികൾ, പ്രായമായവർ തുടങ്ങി രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഈ രോഗങ്ങൾ കൂടുതലായും ബാധിക്കുക. മാസ്ക് ധരിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ് രണ്ടു വൈറസും പടരാതിരിക്കാൻ ചെയ്യേണ്ട പ്രധാന പ്രതിരോധ മാർഗം.