ഭോപാല്‍: മധ്യപ്രദേശില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍.
സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ ജീവനക്കാരനെയായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരുടെ അതിക്രമം നടന്നത്. സാന്താക്ലോസ് വസ്ത്രത്തെകുറിച്ച് ചോദ്യംചെയ്തായിരുന്നു അക്രമികള്‍ രംഗത്തെത്തിയത്.ബൈക്കിലിരിക്കുന്ന യുവാവിനോട് സംഘം വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുന്നതിന്റെയുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ശ്രീരാമന്റെ വസ്ത്രം ധരിച്ച് ഭക്ഷണവിതരണം ചെയ്യാന്‍ വീടുകളിലെത്തുമോ എന്ന് സംഘത്തില്‍ ഒരാള്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. അത്തരത്തില്‍ പോകില്ലെന്നും ഇന്ന് സാന്താക്ലോസിന്റെ വസ്ത്രം ധരിച്ച് ഭക്ഷണം വിതരണം ചെയ്യണമെന്ന് കമ്പനി തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജീവനക്കാരന്‍ പ്രതികരിച്ചു. എന്നാല്‍ അക്രമികള്‍ വസ്ത്രം അഴിപ്പിക്കുകയായിരുന്നു.