ഹിജാബ് ധരിക്കാതെ യുട്യൂബിൽ പ്രത്യക്ഷപ്പെട്ട ഗായികക്കെതിരെ കർശന നടപടിയുമായി ഇറാൻ. 27കാരിയായ പരസ്തു അഹമ്മദിയെ വസ്ത്രധാരണ നിയമം ലംഘിച്ചതിന് അറസ്റ്റു ചെയ്തു. ഓൺലൈനിൽ വീഡിയോ പോസ്റ്റ് ചെയ്തിന് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസെടുത്തത്. നിര്‍ബന്ധിതമായി ഹിജാബ് ധരിപ്പിക്കുന്ന നടപടികൾക്കെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിന് ഇടയിലാണ് ഗായികയുടെ അറസ്റ്റ്.
ഹിജാബ് ധരിക്കാതെ നാല് പുരുഷ ഗായകർക്കൊപ്പം പരിപാടി അവതരിപ്പിക്കുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പമുള്ളവരെയും അറസ്റ്റ് ചെയ്തതായി പരസ്തുവിൻ്റെ അഭിഭാഷകൻ മിലാദ് പനാഹിപൂർ പറഞ്ഞു. 1.5 ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.
ആർട്ടിഫിഷൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യവരെ ഉപയോഗിച്ചാണ് ഇപ്പോള്‍ ഇറാനിൽ ഹിജാബ് നിയമ ലംഘനങ്ങൾ കണ്ടുപിടിക്കുന്നത്. മതപരമായ വസ്ത്രധാരണരീതി ലംഘിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിയമം ലംഘിക്കുന്ന സ്ത്രീകളെ കണ്ടെത്തി ശിക്ഷിക്കാനാണ് സ്മാര്‍ട് ക്യാമറകളടക്കം ഉപയോഗിക്കുന്നതെന്നാണ് ഇറാന്‍ പോലീസ് പറയുന്നത്.