കൊച്ചി: ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കേണ്ട കാര്യം ഭാര്യയ്ക്കില്ലെന്നു ഹൈക്കോടതി. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ഭര്‍ത്താവിന്റെ സന്തോഷത്തിനു വേണ്ടി ഒരു ഭാര്യയും ശാരീരികവും മാനസികവുമായ ആരോഗ്യവും സ്വന്തം സുരക്ഷയും ത്യജിക്കുകയോ ചെയ്യേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ ഭാര്യയുടെ ക്രൂരതകള്‍ സഹിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ വിവാഹ മോചനം അനുവദിക്കണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. എന്നാല്‍ ഭര്‍ത്താവിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിന്റെ ആവശ്യം കോടതി തള്ളുകയാണുണ്ടായത്.
ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാണ് താനെന്ന് ഭാര്യ കോടതിയെ ബോധിപ്പിച്ചു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു നിരന്തരം ഉപദ്രവിച്ചു. മദ്യപാനിയായ ഭര്‍ത്താവ് മോശം കൂട്ടുകെട്ടിലുമായിരുന്നു. മദ്യപിച്ചു വന്ന് അയല്‍ക്കാരുമായി വഴക്കുണ്ടാക്കുകയും ചെയ്തു. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. നിരന്തരം വഴക്കിടുന്നതിനാല്‍ വീടുകള്‍ മാറിമാറി താമസിക്കേണ്ടി വന്നു. ശാരീരിക ഉപദ്രവത്തിനു പുറമെ, ഭക്ഷണമോ വെള്ളമോ നല്‍കാതെ പട്ടിണിക്കിട്ടു. ഉപദ്രവം സഹിക്കവയ്യാതെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. മകനെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിച്ചില്ല എന്നും ഭാര്യ കുടുംബ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ദൈവം കൂട്ടിയോജിപ്പിച്ചത് വേര്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ വിവാഹ മോചനത്തിന് തയാറല്ലെന്നും ഭാര്യ വ്യക്തമാക്കി. ഇതിന് ശേഷമാണ് ഭര്‍ത്താവ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഭാര്യ കോടതിയില്‍ പറഞ്ഞു.