Kerala

16 വർഷത്തിന് ശേഷമുള്ള ബലാത്സംഗ പരാതി അവിശ്വസനീയം; പിന്നില്‍ ഗൂഢലക്ഷ്യമെന്ന് ഹൈക്കോടതി

Posted on

പതിനാറ് വർഷത്തിനു ശേഷം നൽകിയ ബലാത്സംഗ പരാതി പ്രഥമദൃഷ്ട്യാ വിശ്വാസ യോഗ്യമല്ലെന്ന് കേരള ഹൈക്കോടതി. വർഷങ്ങൾക്ക് നീണ്ട ഇടവേളക്ക് ശേഷം ഉയർത്തുന്ന ഇത്തരം ആരോപണങ്ങൾ ഉഭയകക്ഷി സമ്മതപ്രകാരമാണ് എന്ന രീതിയിൽ പരിഗണിക്കേണ്ടതാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു.

കേസ് ഫയൽ ചെയ്യുന്നതിൽ കാലതാമസം നേരിട്ടതിന് കൃത്യമായ കാരണം വ്യക്തമാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് പത്തനംതിട്ട സ്വദേശി ബിജു പി വിദ്യയ്‌ക്കെതിരെയുള്ള ബലാത്സംഗക്കേസ് കോടതി റദ്ദാക്കി. 2001ൽ പീഡിപ്പിച്ചു എന്ന് കാട്ടി 2017ൽ നൽകിയ പരാതിയിൽ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 43കാരനായ ബിജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിക്കാരി ബിജുവിന് 20 ലക്ഷം രൂപ കടം നൽകിയിരുന്നു. ഇത് തന്നെ തെളിയിക്കുന്നത് ഇവർ തമ്മിൽ വളരെ നല്ല ബന്ധമുണ്ടായിരുന്നു എന്നാണ്. ഈ പണം തിരിച്ചു നൽകാൻ ഹർജിക്കാരന് കഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് ശേഷവും പണം തിരിച്ച് ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് പീഡന പരാതി ഉന്നയിച്ചത്. ഇതുതന്നെ പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് തെളിവാണ്. 2001ൽ പീഡനത്തിന് ഇരയായ ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നിരുന്നതായി പരാതിക്കാരിയുടെ മൊഴി വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

വിവാഹിതയായ പരാതിക്കാരിയേയും അമ്മയെയും ബിജു ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2001 ജൂൺ, ജൂലൈ മാസങ്ങളിൽ ബലാത്സംഗം ചെയ്‌തുവെന്ന ആരോപിച്ച് പരാതി നൽകിയത് 2017 ഫെബ്രുവരിയിലാണ്. തുടർന്ന് ബിജു ഉൾപ്പെടെ നാല് പേർക്കെതിരെ പത്തനംതിട്ട പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നീട് മറ്റ് മൂന്ന് പേരെ ഒഴിവാക്കി ബിജുവിനെ മാത്രം പ്രതിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version