കൊച്ചി: മെമ്മറി കാര്‍ഡ് കേസില്‍ ഉപഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്‌ക്കോടതികള്‍ക്ക് നല്‍കണമെന്നും ഉപഹർജിയിൽ സർക്കാർ ആവശ്യപ്പെടുന്നുണ്ട്.
സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണം. സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയിലാണ് സര്‍ക്കാർ ഉപഹര്‍ജി ഫയൽ ചെയ്തിരിക്കുന്നത്. നേരത്തെ മെമ്മറി കാര്‍ഡ് കേസിലാണ് ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിൽ എറണാകുളം സെഷന്‍സ് ജഡ്ജി വസ്തുതാ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നു. ഇതിനൊപ്പമാണ് ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചത്.
ലൈംഗിക കുറ്റകൃത്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ആര്‍ക്കും നല്‍കരുത്. പ്രതികള്‍ക്കും ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിന് വിലക്കുണ്ട്. ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് കോടതി ഉത്തരവ് പ്രകാരം മാത്രമാകണം. വിദഗ്ധ സാന്നിധ്യത്തില്‍ മാത്രമാകണം ദൃശ്യങ്ങളുടെ പരിശോധന. ദൃശ്യ പരിശോധനയുടെ നടപടിക്രമങ്ങളും പരിശോധനാ സമയവും തീയതിയും പരിശോധിച്ച വ്യക്തികള്‍ ആരൊക്കെയെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. അവശ്യ ഘട്ടത്തില്‍ മാത്രമാണ് ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയ്ക്ക് അനുമതി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം തെളിവുകള്‍ നശിപ്പിക്കാം. നശിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് അതോറിറ്റി കോടതിക്ക് നല്‍കണം. ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതിനും ഹൈക്കോടതി മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.