India
ഝാര്‍ഖണ്ഡ് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ ഹേമന്ത് സോറന് പങ്കെടുക്കാന്‍ അനുമതി
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഫെബ്രുവരി ആറിനു നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ജെഎംഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനു പങ്കെടുക്കാമെന്ന് റാഞ്ചി പ്രത്യേക കോടതി. ചംപയ് സോറന്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോറന്‍ ആണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഹേമന്ത് സോറന്‍ രാജിവച്ചതിനെ തുടര്‍ന്ന് ചംപയ് സോറനെ ജെഎംഎം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഫെബ്രുവരി 2ന് ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അധികാരം നിലനിര്‍ത്താന്‍ 10 ദിവസത്തിനുള്ളില്‍ വിശ്വാസം തെളിയിക്കണമെന്ന വെല്ലുവിളിയാണ് ചംപയ്ക്കും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പാര്‍ട്ടിക്കും മുന്നില്‍ ഇനിയുള്ളത്. 43 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് ചംപയുടെ അവകാശവാദം.