India
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റ് നടപടി ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യത്തെ തുടർന്നാണ് സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കുന്നത്. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലെ അറസ്റ്റ് നടപടിക്രമങ്ങൾ ചോദ്യം ചെയ്താണ് ഹർജി.
നടപടിക്രമങ്ങൾ ലംഘിച്ചാണ് അറസ്റ്റ് എന്നായിരുന്നു ഹേമന്ദ് സോറന് വേണ്ടി ഹാജരായ കപിൽ സിബലിൻ്റെ പ്രധാന വാദം. ഹേമന്ദ് സോറനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജി ഇന്ന് റാഞ്ചി പിഎംഎൽഎ കോടതി പരിഗണിക്കും. 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ഇഡിയുടെ ആവശ്യം. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 10 ദിവസത്തെ കസ്റ്റഡിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്.