കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. ഭൂരിഭാഗം പേരെയും 10 ദിവസത്തിനകം നേരിട്ടു ബന്ധപ്പെടാനാണ് എസ്ഐടി തീരുമാനം. ഹേമാ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് കേസെടുക്കുന്നത് ഹൈക്കോടതി ഒക്ടോബർ 3ന് പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള പരാതികളിൽ അതിവേഗം നടപടി അന്വേഷണ സംഘം പൂർത്തിയാക്കും. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരെ നേരിട്ട് കണ്ട് സംഘം ഉടൻ മൊഴി രേഖപ്പെടുത്തും. ഒരാഴ്ചയ്ക്കകം നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുക്കൽ. റിപ്പോർട്ട് താമസിയാതെ ഹൈക്കോടതിയിൽ സമർപ്പിക്കും.
ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് മേധാവിയും അന്വേഷണ സംഘത്തലവനുമായ എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം. കോടതി നിർദ്ദേശത്തെ തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചതിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു ചേർന്നത്. അന്വേഷണത്തെ സംബന്ധിച്ച ആക്ഷൻ ടേക്കൺ റിപ്പോർട്ടിനും യോഗം രൂപം നൽകിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സിനിമയിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ഇതിൽ പലരും പരാതി നൽകാൻ തയ്യാറായിരുന്നു. ഈ പരാതികളിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പുറമെ ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് നടപടിയെടുക്കാൻ ഹൈക്കോടതി എസ്ഐടി(പ്രത്യേക അന്വേഷണ സംഘം)യെ നിയോഗിച്ചിരുന്നു. സർക്കാരിനെ രൂക്ഷമായി വിമർശിച്ച ശേഷമാണ് ഹൈക്കോടതി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറാൻ ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് പരിശോധിച്ച് എസ്ഐടി കോടതിയിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചുണ്ട്.