സർക്കാർ നാല് വർഷം മുൻപ് ഉറപ്പ് നൽകിയിരുന്നു. തന്റെ ഓഫീസിലുള്ള റിപ്പോർട്ട് മൂന്ന് വർഷമായിട്ടും വായിക്കാൻ മന്ത്രി സജി ചെറിയാന് കഴിഞ്ഞിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്ത സർക്കാർ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. റിപ്പോർട്ടിലെ ശുപാർശകൾ പഠിക്കുകയാണെന്നാണ് എം കെ മുനീർ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് സാംസ്‌കാരിക മന്ത്രിയായിരുന്ന എ കെ ബാലൻ്റെ പ്രതികരണം. റിപ്പോർട്ടിന്റെ പകർപ്പ് എത്രയും വേഗം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷം വിവരാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. സർക്കാരിൻ്റെ ഒളിച്ചുകളിയാണ് ഇതിൽ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ആകാശത്തുനിന്ന് എഫ് ഐ ആർ ഇടാനാകില്ലെന്നായിരുന്നു എ കെ ബാലൻ്റെ പ്രതികരണം. നിലവിലെ റിപ്പോർട്ട് പ്രകാരം കേസെടുക്കുന്നതിന് പ്രായോഗിക തടസങ്ങളുണ്ട്. സർക്കാരിന് വ്യക്തിപരമായ പരാതികൾ ലഭിച്ചിട്ടില്ല. അത്തരത്തിൽ പരാതി ലഭിക്കുകയും അവ പ്രസിദ്ധീകരിക്കാൻ സാധിക്കുകയും ചെയ്താൽ മാത്രമേ കേസെടുക്കാൻ സാധിക്കൂവെന്നും എം കെ മുനീർ വ്യക്തമാക്കി.
മൊഴി തന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്നത് ഹേമ കമ്മിറ്റിയുടെ ആവശ്യമായിരുന്നെന്നും കിട്ടിയ മൊഴികൾ പ്രകാരം നിയമനടപടി വേണമെന്ന് ഹേമ കമ്മിറ്റിക്ക് ആവശ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.