Kerala
പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കിയതിന് സജി ചെറിയാന് എന്ത് കിട്ടി?, മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം: ശോഭാ സുരേന്ദ്രന്‍
തൃശൂര്‍: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയക്കാരും ഉള്‍പ്പെടുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കരുത് എന്ന് നിര്‍ദേശിച്ച സജി ചെറിയാനെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കണം. ഇപ്പോള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പ്രസക്ത ഭാഗങ്ങള്‍ പൂഴ്ത്തി വച്ചിരിക്കുകയാണ്. പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കിയതിന് സജി ചെറിയാന് എന്ത് കിട്ടിയെന്നും ആരെ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ പൊതുസമൂഹം സിനിമയിലെ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ സിനിമാ രംഗത്തെ അധോലോകത്തിനൊപ്പം നില്‍ക്കുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. കമ്മീഷന്റെ പൂര്‍ണ്ണ ഭാഗം വായിക്കാത്ത ആളല്ല മുഖ്യമന്ത്രി. വകുപ്പ് മന്ത്രി സജി ചെറിയാനെ മാറ്റി നിര്‍ത്തിക്കൊണ്ട് റിപ്പോര്‍ട്ടില്‍ കൃത്യമായി പേരുകളുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ നടപടിയെടുക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തനിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്താന്‍ സജി ചെറിയാന്‍ തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.