Kerala

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സിനിമ നിര്‍മ്മാതാവ്; ഹൈക്കോടതിയില്‍ ഹര്‍ജി

സിനിമയില്‍ ആരോപിക്കപ്പെടുന്ന ലിംഗവിവേചനവും ലൈംഗിക ആക്ഷേപങ്ങളും അടക്കമുള്ള പരാതികള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിര്‍മാതാവ് സജിമോന്‍ പാറയിലാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവ് പ്രകാരം ഇന്ന് അപേക്ഷകർക്ക് കൈമാറാനിരിക്കെയാണ്, സിനിമയിൽ നിന്ന് തന്നെയൊരാൾ നിയമവഴി തേടിയിരിക്കുന്നത്.

വ്യക്തികളുടെ സ്വകാര്യത എന്നത് പരമപ്രധാനമാണ് എന്നത് പരിഗണിക്കാതെയാണ് റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനം എടുത്തിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിൻ്റെയും ലംഘനം ഇതിലൂടെ ഉണ്ടാകും. വ്യക്തികളുടെ പേരുവിവരങ്ങൾ പുറത്തുവരുന്നത് അപരിഹാര്യമായ നഷ്ടമുണ്ടാക്കും. കൂടാതെ ലൈംഗികാരോപണങ്ങൾ പൊതുസമൂഹം ചർച്ച ചെയ്യാനിടയായാൽ സിനിമാ മേഖലക്കാകെ അവമതിപ്പ് ഉണ്ടാക്കും. മതിയായ പരിശോധനകൾ കൂടാതെയാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് റിപ്പോർട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മൊഴി നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് തന്നെ ഹൈക്കോടതി പരിഗണിക്കും.

ഗുരുതര പരാമര്‍ശങ്ങളുള്ള 70ലേറെ പേജുകള്‍ ഒഴിവാക്കിയാണ് ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അപേക്ഷകരോട് ഇന്ന് വൈകിട്ട് മൂന്നരക്ക് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി പകര്‍പ്പ് നേരില്‍ കൈപ്പറ്റാന്‍ അറിയിച്ച് സാംസ്‌കാരിക വകുപ്പ് കത്തയച്ചിരുന്നു. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച ഇരകളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഉദ്ദേശിച്ചാണ് വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച പേജുകള്‍ ഒഴിവാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top