വേനലെത്തും മുൻപേ ചൂടിങ്ങെത്തി. ഇതുവരെയില്ലാത്ത പോലത്തെ കടുത്ത ചൂടാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. വെയിലും ചൂടും കൊണ്ട് വാടി തളരാതിരിക്കാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കാം. നിർജലീകരണമാണ് ഇതിലെ ഏറ്റവും വലിയ വില്ലൻ. താപനില കൂടുമ്പോൾ വിയർക്കാൻ ഉള്ള സാധ്യതയും കൂടുതൽ ആണ്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിച്ചു ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിലനിർത്തുന്നത് ആരോഗ്യം തളർന്നുപോകാതിരിക്കാൻ സഹായിക്കും. തണ്ണിമത്തൻ ജ്യൂസ്, ഇളനീർ പോലുള്ള പാനീയങ്ങളും പരിഗണിക്കാവുന്നതാണ്.
പകൽ 11 മുതൽ ഉച്ചതിരിഞ്ഞു 3 മണി വരെ പരമാവധി പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. നേരിട്ട് സൂര്യാഘാതമേൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. പരമാവധി ഇളം നിറങ്ങളുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും ചൂടിനെ തടുക്കാൻ ഒരു പരിധിവരെ സഹായിക്കും. സൺസ്ക്രീൻ, സൺഗ്ലാസ്, തൊപ്പികൾ എന്നിവ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
പെട്ടന്നുള്ള താപനിലയിൽ മാറ്റങ്ങൾ മറ്റാരൊഗ്യ പ്രശ്നങ്ങളിലേക്കും വഴിതെളിക്കും. ശരീരത്തിൽ മാറാതെ നിൽക്കുന്ന പനിയോ ജലദോഷമോ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടാൻ മറക്കണ്ട. ചർമത്തിൽ മാറാതെ നിൽക്കുന്ന കുരുവോ തിണർപ്പോ ഉണ്ടെങ്കിലും ശ്രദ്ധിക്കണം.