സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍.

വെയിലത്ത് ജോലിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് തൊഴില്‍ സമയത്തില്‍ നിയന്ത്രണം. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിച്ച് ജോലിസമയം രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി.
ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചതായും ഉത്തരവില്‍ പറയുന്നു.

