Kerala
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം തലവൂർ സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒക്ടോബർ 11 മുതലാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടത്.
കുട്ടിയെ 12-ന് കടുത്ത തലവേദനയെയും പനിയെയും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിൽ രോഗം ഭേദമായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. എവിടെ നിന്നാണ് കുട്ടിക്ക് രോഗം പടർന്നതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ജലാശയങ്ങളിൽ ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി.