Health
ആശങ്കയായി വീണ്ടും മഞ്ഞപ്പിത്തം, എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്?
മലപ്പുറം: മലപ്പുറം ജില്ലയില്‍ അഞ്ച് മാസത്തിനിടെ എട്ടുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. 3000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പെരുവള്ളൂര്‍ എന്നി പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ്.
എറണാകുളം ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുകയാണ്. 171 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇവരില്‍ 38 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറ് വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ്?
വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിൻറെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. അതിനാൽ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ തേടണം.
പ്രതിരോധ മാർഗങ്ങൾ
തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. കൈകൾ ആഹാരത്തിനു മുമ്പും ടോയ്ലെറ്റിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് കഴുകുക. കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.