Kerala
തിരുവനന്തപുരത്ത് 24 കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗ ബാധ കനാലില്‍ നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്. വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതോടെ, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരാള്‍ മരിച്ചു. ശേഷിക്കുന്നവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ നെല്ലിമൂട്, പേരൂര്‍ക്കട, നാവായിക്കുളം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്.