മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്നും പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടാവാൻ സാധ്യതയെന്ന് കേന്ദ്ര സർക്കാർ. അവാമി ലീഗ് സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയിൽ ബംഗ്ലാദേശിലെ നിരവധി രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന് കേന്ദ്രം സർവകക്ഷി യോഗത്തിൽ വിശദീകരിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേർന്നത്.
ബംഗ്ലാദേശില്‍ അരങ്ങേറിയ നാടകീയമായ സംഭവവികാസങ്ങൾ കേന്ദ്രം മുൻകൂട്ടി കണ്ടിരുന്നോയെന്ന ചോദ്യം യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി മറുപടി നൽകി. അയൽ രാജ്യത്ത് സംഭവിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തിൻ്റെ സാഹചര്യത്തിൻ്റെ ഇന്ത്യ നേരിടാൻ പോകുന്ന സുരക്ഷ, സാമ്പത്തിക, നയതന്ത്ര പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രി യോഗത്തിൽ വിശദീകരിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത യോഗത്തിൽ ബംഗ്ലാദേശിലെ പ്രതിസന്ധിയും അതിനുണ്ടായ കാരണങ്ങളും കേന്ദ്രം വിശദീകരിച്ചു. പ്രധാനമന്തിയുടെ വസതി പ്രതിഷേധക്കാർ ആക്രമിച്ചതിനെത്തുടർന്ന് ഹസീന ഇന്ത്യയിലേക്ക് എത്തിയത് എങ്ങനെയാണ് എന്നതുൾപ്പെടെ വിദേശകാര്യ മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
ബംഗ്ലാദേശിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സർക്കാരിന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിന് നന്ദിയറിച്ച് സമൂഹമാധ്യമമായ എക്സിൽ വിദേശകാര്യ മന്ത്രി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.