തിരുവന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിൽ പ്രതികരിച്ച് യുഡിഎഫ് ചെയര്‍മാന്‍ എം എം ഹസ്സൻ. എഡിജിപിയ്ക്ക് മുഖ്യമന്ത്രി കവചം ഒരുക്കി. വാദി ഇപ്പോൾ പ്രതിയായിരിക്കുന്നുവെന്ന് എംഎം ഹസ്സൻ പറഞ്ഞു.
അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സ്വർണകള്ളക്കടത്തുകാരുടെയും ഹവാല ഇടപാടുകാരുടെയും വക്താവാണ് അൻവറെന്ന് മുഖ്യമന്ത്രി പരോക്ഷമായി പറഞ്ഞെന്നും എംഎം ഹസ്സൻ പ്രതികരിച്ചു.
തൃശ്ശൂര്‍ പൂര വിവാദത്തിൽ വിശദമായ അന്വേഷണം വേണം. അൻവറിനെ പാർലമെൻ്ററി പാർട്ടിയിൽ നിന്നും പുറത്താക്കണം. മുഖ്യമന്ത്രി അതിനുള്ള ആർജ്ജവം കാണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. പൂരം കലക്കിയതിൽ എഡിജിപി രക്ഷപ്പെട്ടിരിക്കുന്നു. ഞങ്ങൾക്ക് ഈ അന്വേഷണത്തിൽ വിശ്വാസമില്ല. പൂരം കലക്കിയതിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കിൽ എഡിജിപിയെ സംരക്ഷിക്കുന്നത് എന്തിനെന്നും എംഎം ഹസ്സൻ ചോദിച്ചു.