അതിരപ്പിള്ളിയിൽ 24 മണിക്കൂറിനുള്ളിൽ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് നാളെ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു. എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ഹർത്താൽ നടത്തുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

ഇന്ന് രാവിലെയോടെയാണ് വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരെ കാട്ടാന ആക്രമണത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വനവിഭവങ്ങൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു ഇന്നലെ നാല് പേരടങ്ങുന്ന സംഘം വനത്തിലേക്ക് പോയത്.

കാട്ടാനയുടെ മുന്നിൽ പെട്ട ഇവർ ചിതറി ഓടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടയിൽ ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. അംബികയും, സതീഷും രക്ഷപ്പെട്ടുവെന്നാണ് കരുതിയത് എന്ന് പ്രദേശവാസി പറഞ്ഞു. രാവിലെ മടങ്ങി വരാത്തതിനെ തുടർന്ന നടത്തിയ തെരച്ചിലിൽ രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

