കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ തുടർചികിത്സക്കായി സമരസമിതി ഇന്ന് ക്രൗഡ് ഫണ്ടിങ് ആരംഭിക്കും. സർക്കാർ മൗനം തുടരുകയാണെന്നും അഭിമാനത്തേക്കാൾ വലുത് ജീവനാണെന്നു തിരിച്ചറിഞ്ഞാണ് കൈനീട്ടുന്നതെന്നും ഹർഷിന പറഞ്ഞു. വയറിനുള്ളിൽ നിന്ന് കത്രിക നീക്കം ചെയ്ത ഭാഗത്ത് വേദന കടുത്തതോടെയാണ് ഹർഷിന വീണ്ടും വൈദ്യസഹായം തേടിയത്. കത്രിക നീക്കം ചെയ്തയിടത്ത് വീണ്ടും ശസ്ത്രക്രിയ അനിവാര്യമെന്ന് കണ്ടതോടെയാണ് ചികിൽസാ ചെലവിനായി ക്രൗഡ് ഫണ്ടിങ് ആരംഭിക്കുന്നത്.

‘രണ്ടു ലക്ഷം തിടുക്കപ്പെട്ട് ധന സഹായം പ്രഖ്യാപിച്ച സർക്കാർ മനപ്പൂർവം മൗനം തുടരുകയാണ്. തുക ഇത് വരെയും ലഭിച്ചില്ല, വേദന സഹിച്ചാണ് ഇത്രയും കാലം നിയമ പോരാട്ടം നടത്തിയത്. എന്നാൽ വേദന കടുക്കുന്നു, മറ്റ് വഴികളില്ലാത്തത് കൊണ്ടാണ് കൈ നീട്ടുന്നത്’- ഹർഷിന റിപ്പോർട്ടറിനോട് പറഞ്ഞു.
ഈ മാസം 21നാണ് ഹർഷിനയുടെ ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചിട്ടുള്ളത്. ആവശ്യമായ പണം കൈവശമില്ലാത്തതിനാൽ ശസ്ത്രക്രിയ നീട്ടിവെക്കേണ്ടി വരുമോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്. അതേസമയം ചികിത്സയ്ക്കും കേസ് മുന്നോട്ട് കൊണ്ടുപോവാനുമുള്ള പണം ശേഖരിച്ചാൽ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് സമരസമിതി തീരുമാനം.

