India
ഹരിയാനയില്‍ വോട്ടെടുപ്പ് തുടങ്ങി; അധികാരം നിലനിര്‍ത്താന്‍ ബിജെപി; ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്
ഹരിയാന ഇന്ന് ബൂത്തിലേക്ക് നീങ്ങുന്നു. 90 നിയമസഭാ മണ്ഡലങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. 1031 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ചൊവ്വാഴ്ച ഫലപ്രഖ്യാപനമുണ്ടാകും.
മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി, ഗുസ്തിതാരം വിനേഷ് ഫോഗട്ട്, ദുഷ്യന്ത് ചൗട്ടാല തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ. കോൺഗ്രസും ബിജെപിയും തമ്മിലാണു പ്രധാന പോരാട്ടം.
ഭരണകക്ഷിയായ ബിജെപി ഹാട്രിക് വിജയം ലക്ഷ്യമിടുമ്പോള്‍ അധികാരത്തിൽ തിരിച്ചെത്താനാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്. എഎപി, ഐഎൻഎൽഡി-ബിഎസ്പി സഖ്യം, ജെജെപി-ആസാദ് സമാജ് പാർട്ടി സഖ്യം എന്നിവയും രംഗത്തുണ്ട്.
കര്‍ഷകസമരവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ശക്തമായ ജനവികാരം ഹരിയാനയില്‍ ബിജെപിയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. പത്ത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ബിജെപിയെ പുറത്താക്കി ഭരണം പിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഗുസ്തിതാരം വിനേഷ് ഫോഗട്ട് അടക്കമുള്ളവരുടെ സാന്നിധ്യം അതിന് തുണയാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പം തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച ശേഷം അടുത്ത നിമിഷം കോണ്‍ഗ്രസിലേക്ക് ചാടിയ മുന്‍ എംപി അശോക് തൻവറിന്റെ നടപടി ബിജെപിയെ അമ്പരപ്പിച്ചിട്ടുമുണ്ട്. രണ്ട് പാര്‍ട്ടികളും ശക്തമായ വിമതഭീഷണിയും നേരിടുന്നുണ്ട്.