കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ ഡീന്‍ കുര്യാക്കോസിന്റെയും സി വി വര്‍ഗീസിന്റെയും മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇരുവരെയും ഉടന്‍ വിളിച്ചുവരുത്തുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് എംപിയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും ലക്ഷങ്ങള്‍ വാങ്ങിയെന്നായിരുന്നു കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ മൊഴി.

കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്തിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ലാലിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഏഴുമണിക്കൂറിലേറെയായിരുന്നു ചോദ്യം ചെയ്യല്‍. കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 3 തവണയാണ് ലാലിയെ ചോദ്യംചെയ്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്.

ലീഗല്‍ അഡ്വൈസർ എന്ന നിലയിലാണ് പ്രതി അനന്തു കൃഷ്ണനില്‍ നിന്ന് 46 ലക്ഷം വാങ്ങിയതെന്നാണ് ഇവരുടെ മൊഴി. എന്നാല്‍ ക്രൈംബ്രാഞ്ച് മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ലാലിയെ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന.

