Crime
യുഎസിൽ ഇന്ത്യൻ ഡോക്ടർ വെടിയേറ്റു മരിച്ചു
അമേരിക്കയിൽ വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ച ഇന്ത്യക്കാരനായ ഡോക്ടർ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയായ ഫിസിഷ്യന്‍ ഡോക്ടർ രമേഷ് ബാബു പേരാംസെട്ടിയാണ് അലബാമയിലെ ടസ്‌കലൂസയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണ്.
കോവിഡ് മഹാമാരിയുടെ സമയത്ത് നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് ടസ്കലൂസയിലെ ഒരു തെരുവിന് രമേഷ് ബാബുവിൻ്റെ പേര് നൽകിയിട്ടുണ്ട്. ആരോഗ്യരംഗത്തിന് നൽകിയ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 1986ൽ ശ്രീ വെങ്കിടേശ്വര മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടി. പ്രാദേശിക ആരോഗ്യ പരിപാലന സംവിധാനത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം കണക്കിലെടുത്തായിരു ഇത്തരത്തിൽ ഒരു ആദരം ലഭിച്ചത്.
എമർജൻസി മെഡിസിൻ, ഫാമിലി മെഡിസിൻ എന്നിവയിൽ സ്പെഷ്യലൈസേഷനുള്ള ഡോക്ടർക്ക് 38 വർഷത്തെ സേവന സമ്പത്തുണ്ട്. ക്രിംസൺ കെയർ നെറ്റ്‌വർക്ക് എന്ന മെഡിക്കൽ ഓഫിസർമാരുടെ സംഘത്തിന്‍റെ സഹസ്ഥാപകനാണ്. ക്രിംസൺ കെയർ നെറ്റ്‌വർക്ക് ടീം ഫെയ്‌സ്ബുക്കിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്.