Crime

ലണ്ടനിൽ വെടിവെപ്പ്; പത്ത് വയസുള്ള മലയാളി ബാലികയ്ക്ക് വെടിയേറ്റു, നില ഗുരുതരം

Posted on

ലണ്ടൻ: ലണ്ടനിലെ ഹാക്ക്നിയിൽ ബുധനാഴ്ച രാത്രിനടന്ന വെടിവെപ്പിൽ പത്ത് വയസുള്ള മലയാളി ബാലികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. മറ്റ് മൂന്ന് പേർക്കും വെടിയേറ്റിട്ടുണ്ട്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റോറന്റിന് സമീപം ബൈക്കിൽ എത്തിയ ആളാണ് വെടിവെപ്പ് നടത്തിയത്.

സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. തോക്ക് വിദഗ്ധർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസുകാരും സംഭവസ്ഥലത്ത് പരിശോധന നടത്തിയെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. മലയാളി പെൺകുട്ടിയെ കൂടാതെ വെടിയേറ്റ മൂന്ന് പേരെയും കിഴക്കൻ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെടിവെപ്പിനെ തുടർന്നുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് ഇരകളുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവെപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്ന സാക്ഷികൾ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിപ്പുണ്ട്. ബ്രിട്ടനിലെ ബർമിങ്ഹാമിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി താമസിച്ചിരുന്ന മലയാളി കുടുംബത്തിലെ അംഗമാണ് പരുക്കേറ്റ പെൺകുട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version