ആലപ്പുഴ: സിപിഐഎം നേതാവ് ജി സുധാകരനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു ജി സുധാകരനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ന് കറിവേപ്പിലയുടെ വില പോലും അദ്ദേഹത്തിന് പാർട്ടി നൽകുന്നില്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. കായംകുളത്ത് സിപിഐഎം, കോൺഗ്രസ് വിട്ടുവന്ന പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
ആലപ്പുഴ ജില്ലയിൽ ജി സുധാകരൻ എന്ന ഒരു നേതാവുണ്ട്. ആ നേതാവ് മന്ത്രിയായിരിക്കുമ്പോഴും ജനപ്രതിനിധി ആയിരിക്കുമ്പോഴും എങ്ങനെ മാതൃകാപരമായി പ്രവർത്തിക്കാമെന്ന് പഠിപ്പിച്ച വ്യക്തിയാണ്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ഇവിടത്തെ പൊതുമരാമത്ത് കരാറുകാരേയും അഴിമതിക്കരേയും അദ്ദേഹം എങ്ങനെയാണ് നേരിട്ടതെന്ന് എല്ലാവർക്കുമറിയാം. ഉദാത്തമായ ഉദാഹരണങ്ങൾ അദ്ദേഹം മന്ത്രിസ്ഥാനത്തിരുന്ന് കൊണ്ട് ചെയ്തിട്ടുണ്ട്. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു ജി സുധാകരൻ.
ഇന്ന് കറിവേപ്പിലയുടെ വില പോലും അദ്ദേഹത്തിന് പാർട്ടി നൽകുന്നില്ല. എല്ലാ കാലത്തും സ്ഥാനമാനങ്ങൾ കൊടുക്കണമെന്ന് പറയുന്നില്ല. പക്ഷേ ജി സുധാകരനെ പോലുള്ള ഒരു നേതാവിന് സിപിഐഎം എന്ത് സ്ഥാനമാണ് നൽകുന്നത്. എന്തുകൊണ്ടാണ് ജി സുധാകരന്മാർ ഇങ്ങനെ കൂടുന്നത്. കോട്ടയത്ത് സുരേഷ് കുറുപ്പിനെയും പാർട്ടി കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. രാഷ്ട്രീയജീവിതം തന്നെ അവസാനിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്,’ കെ സുരേന്ദ്രൻ പറഞ്ഞു.