ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സിപിഎം നേതാവ് ജി സുധാകരന്. മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും ജി സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് ഭരണകാലത്തെപ്പോലെ ബിജെപി ഭരണത്തിന്‍കീഴില്‍ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവുണ്ടെങ്കില്‍ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാര്‍ക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാര്‍ട്ടിയായാലും നേതൃത്വം പ്രധാനമാണെന്നും അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എല്ലാ വകുപ്പും മികച്ചതായിരുന്നു. ആ സര്‍ക്കാരിന്റെ പേരിലാണു പുതിയ സര്‍ക്കാര്‍ വന്നതെന്നും എന്നാല്‍ ആ വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു എംഎല്‍എയും മിണ്ടുന്നില്ലെന്നും സുധാകരന് ആരോപിച്ചു. കെകെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണ് പറഞ്ഞതെന്നും സുധാകരന് ചോദിച്ചു. അങ്ങനെ പറയുന്നതു മാധ്യമങ്ങളാണ്. തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിനെക്കുറിച്ച് പലര്‍ക്കും വിമര്‍ശനങ്ങളുണ്ട്. തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിപിഎം കോട്ടകളില്‍ വിള്ളലുണ്ടായി. കായംകുളത്തു വോട്ട് ചോര്‍ന്നു. പുന്നപ്രയിലും ചോര്‍ന്നു. ഇത്തരം ചോര്‍ച്ച ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.