തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാത്ത ഗവർണറുടെ നടപടി മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും, എന്തെന്ന് നമുക്കറിയില്ലല്ലോ. മറ്റൊർത്ഥത്തിൽ കാണേണ്ടെന്ന് പാർലമെൻ്ററി പാർട്ടിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
15-ാം നിയമസഭയുടെ 10-ാം സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായും ഗവർണർ വായിച്ചിരുന്നില്ല. പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. കേന്ദ്രത്തിനെതിരെ കടുത്ത വിമർശനമാണ് നയപ്രഖ്യാപന പ്രസംഗത്തിലുള്ളത്. ഗവർണർ വായിക്കാത്ത ഭാഗത്താണ് ഈ വിമർശനമുള്ളത്.
സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ഒരു മിനിറ്റും 17 സെക്കൻ്റും മാത്രം പ്രസംഗം വായിച്ച് ഗവർണർ സഭയിൽ നിന്ന് മടങ്ങിയത്. ഗവർണർക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം രംഗത്തെത്തിയിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗം നടത്താൻ ഭരണഘടനാപരമായി ബാധ്യതയുള്ള ഗവർണർ നിയമസഭയിൽ വന്ന് അവസാന ഖണ്ഡികമാത്രം വായിച്ചുപോയത് നിയമസഭയോടുള്ള അവഹേളനമാണെന്നാണ് വി ഡി സതീശൻ പ്രതികരിച്ചത്.