ഇന്റര്‍നെറ്റ് രംഗത്ത് ഗൂഗിളിന്റെ കുത്തക അവസാനിക്കുമോ? ഓണ്‍ലൈന്‍ സേര്‍ച്ച് ഗൂഗിള്‍ കയ്യടക്കി വച്ചിരിക്കുന്നതിനെതിരെ കൊളംബിയ ഡിസ്ട്രിക്ട് കോടതി നടത്തിയ വിമര്‍ശനത്തിന് ചുവടുപിടിച്ചാണ് യുഎസ് നീക്കം. ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ യുഎസ് നൽകിയ കേസിലാണ് കോടതി വിധി.
ടെക് വമ്പന്മാരെ പിടിച്ചുകെട്ടാനുള്ള ഒരു അവസരമായാണ് കോടതി വിധിയെ യുഎസ് ഭരണകൂടം കാണുന്നത്. യുഎസ് നിയമവകുപ്പിന്റെ നടപടികള്‍ യാഥാർഥ്യമായാൽ ആൻഡ്രോയിഡ്, ക്രോം ബിസിനസില്‍ ഗൂഗിളിനു വന്‍ തിരിച്ചടി വന്നേക്കാം. ഗൂഗിളിന്റെ ആധിപത്യത്തിന് പ്രകട ഉദാഹരണമാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവും ക്രോം വെബ് ബ്രൗസറും. ഇവ വിൽക്കാൻ നിർബന്ധിതമായേക്കാം. ഗൂഗിൾ ആഡ്സും കുഴപ്പത്തിലാകും. ഗൂഗിളിന്റെ മുഖ്യവരുമാനമാര്‍ഗമാണിത്. മൊത്തം വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഗൂഗിള്‍ ആഡ്സ് വഴിയാണ്. നൂറു ബില്യൻ ഡോളറിനു മുകളിലാണ് ഇതില്‍ നിന്നുള്ള വരുമാനം.
കടുത്ത നടപടികള്‍ ഇല്ലെങ്കില്‍ ഡാറ്റ ഗൂഗിളിനു പങ്കുവയ്ക്കേണ്ടി വരും. മൈക്രോസോഫ്റ്റ് അടക്കമുള്ള സെര്‍ച്ച് എഞ്ചിനുകളുമായി ആകും ഡാറ്റ പങ്കുവയ്ക്കേണ്ടി വരുന്നത്. വൻകിട ടെക് കമ്പനികളുടെ കുത്തകയ്ക്ക് എതിരെ ഒട്ടേറെ കേസുകളാണ് യുഎസിൽ നടക്കുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ ഓഹരികൾക്ക് വൻ ഇടിവ് വന്നിട്ടുണ്ട്.